ബംഗ്ലൂരു: കടയുടെ ചുമര്‍ തുരന്ന് അകത്തു കയറി വിലപിടിപ്പുള്ള 85 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ബംഗ്‌ളൂരു, ബൊമ്മനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിനേശിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിലാണ് കവര്‍ച്ച നടന്നത്. പതിവുപോലെ രാത്രി കടയടച്ചു പോയതായിരുന്നു. രാവിലെ കട തുറന്നപ്പോഴാണ് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച പോയ കാര്യം അറിഞ്ഞത്. വിശദമായി നടത്തിയ പരിശോധനയില്‍ മോഷ്ടാവ് അകത്തു കടന്നത് ചുമര്‍ തുരന്ന് ഉണ്ടാക്കിയ വിടവിലൂടെയാണെന്നു കണ്ടെത്തി. തുടര്‍ന്ന് കടയിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. മുഖം മാത്രം മറച്ച് പൂര്‍ണ്ണ നഗ്നനായ മോഷ്ടാവിന്റെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞിരുന്നത്. വസ്ത്രങ്ങള്‍ നോക്കി മോഷ്ടാവിനെ തിരിച്ചറിയാതിരിക്കാനായിരിക്കും നഗ്നനായി എത്തിയതെന്നു സംശയിക്കുന്നു. ബൊമ്മനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
