ലക്നൗ: ഭാര്യയും 3 കാമുകന്മാരും ചേർന്ന് 62 വയസ്സുകാരനെ കൊന്ന് മൃതദേഹം 10 കഷണങ്ങളാക്കി പല ഇടങ്ങളിലായി വലിച്ചെറിഞ്ഞു. വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാരനായ ദേവേന്ദ്രറാമാണ് മരിച്ചത്. ഭാര്യ മായ (55) കുറ്റസമ്മതം നടത്തി. ഉത്തർപ്രദേശിലെ സിക്കന്ദർപുറിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രദേശത്തെ വയലിൽ നിന്നും മനുഷ്യന്റെ കൈയുടെ ഭാഗം കണ്ടെത്തിയിരുന്നു. അന്നേദിവസം വൈകുന്നേരം ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മായ പൊലീസിനെ സമീപിച്ചു. ബിഹാറിലെ ബക്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകളെ കൂട്ടാൻ പോയ ദേവേന്ദ്രറാമിനെ കാണാനില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് പരിശോധനയിൽ ദേവേന്ദ്രറാമിന്റെ ഫോൺ ഇവരുടെ വീട്ടിൽ നിന്നു കണ്ടെത്തി. മായയെ സംശയിക്കാവുന്ന മറ്റു തെളിവുകളും ലഭിച്ചു. ഇതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. മിതിലേഷ്, അനിൽ, സതീഷ് എന്നിവരുമായി തനിക്കു അവിഹിത ബന്ധമുണ്ടെന്നും ഇവരോടൊപ്പം ചേർന്ന് കൃത്യമായ ആസൂത്രണത്തോടെ ദേവേന്ദ്രറാമിനെ കൊലപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തി.
ദേവേന്ദ്രറാമും മായയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ 3 മക്കളും ദൂരെ സ്ഥലങ്ങളിൽ പഠിക്കുകയാണ്. കഴിഞ്ഞ ദിവസം മായയുടെ സഹായത്തോടെ വീടിനുള്ളിൽ വച്ച് കാമുകന്മാർ ദേവേന്ദ്രറാമിനെ കൊലപ്പെടുത്തി. ശേഷം തിരിച്ചറിയാതിരിക്കാൻ മൃതദേഹം പല കഷണങ്ങളാക്കി കൈ വയലിലും തല ഗംഗ നദിയിലും ഉടൽ കിണറിലും ഉൾപ്പെടെ വലിച്ചെറിയുകയായിരുന്നു. 4 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
