ഹൈദരാബാദ്: 14 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ വെട്ടികൊന്നു. ഹൈദരാബാദിലെ ഗോൽകൊണ്ഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
അപ്പാർട്മെന്റിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാൾ സ്വദേശി ജഗത് വിശ്വകർമയാണ് കൃത്യത്തിനു പിന്നിൽ. വെള്ളിയാഴ്ച പുലർച്ചെ 2നാണ് സംഭവം. ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഭാര്യ അറിയാതെ ഇയാൾ കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം അപ്പാർട്മെന്റിനു സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് എറിഞ്ഞു.
എന്നാൽ കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുഞ്ഞ് ജനിച്ചതിന്റെ ദേഷ്യത്തിലാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. കുഞ്ഞിന്റെ മൃതദേഹം 2 കഷണങ്ങളായി മുറിച്ചതായും പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ജഗതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
