മംഗളൂരു: നാലുദിവസം മുമ്പ് മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ചരക്ക് നടുക്കടലില്‍ കപ്പല്‍ മുങ്ങി. ജീവനക്കാരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. മംഗളൂരുവില്‍ നിന്ന് ഏകദേശം 60 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അപകടം. എംഎസ്വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് വന്‍ തിരമാലയില്‍ പെട്ട് മുങ്ങിയത്. വിവരത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. മെയ് 14 ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമെന്നാണ് വിവരം. സിമന്റ്, നിര്‍മ്മാണ സാമഗ്രികള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ വഹിച്ചുകൊണ്ടിരുന്ന കപ്പലായിരുന്നു അപകടത്തില്‍പെട്ടത്.
മെയ് 12 ന് മംഗളൂരു തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ 18 ന് കട്മത്ത് ദ്വീപില്‍ എത്തേണ്ടതായിരുന്നു. തിരമാലയില്‍പെട്ട കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍, ജീവനക്കാര്‍ ഒരു ചെറിയ ഡിങ്കിയില്‍ അഭയം തേടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യാപാര കപ്പലിലെ ജീവനക്കാര്‍ അപകടം ശ്രദ്ധയില്‍പെട്ടതോടെ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ചു. പട്രോളിംഗ് നടത്തുകയായിരുന്ന ഐസിജിഎസ് വിക്രം എന്ന രക്ഷാ കപ്പല്‍ അപകട സ്ഥലത്ത് എത്തുകയും എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി. പ്രഥമശുശ്രൂഷ നല്‍കി. വ്യാഴാഴ്ച രാവിലെ സുരക്ഷിതമായി ന്യൂ മാംഗ്ലൂര്‍ തുറമുഖത്ത് എത്തിച്ചു.
