ചണ്ഡിഗഡ്: പഞ്ചാബിൽ വൻലഹരിവേട്ട. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഒത്താശയോടെ ഇൻ ഡ്യയിലേക്കു കടത്തിയ 200 കോടി രൂപ വിലയുള്ള 85 കിലോഗ്രാം ഹെറോയിനുമായി അമൃത് സർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമർജ്യോത് സിങ് എന്നയാളാണ് പിടിയിലായത്. പാക്കിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംസ്ഥാന പൊലീസ് മേധാവി ഗൗരവ് യാദവ് അറിയിച്ചു. അതിർത്തിയിലൂടെ കടത്തുന്ന ലഹരി പഞ്ചാബിൽ വിതരണം ചെയ്യുന്നതിനു ഇയാൾ നേതൃത്വം നൽകുകയായിരുന്നു.
വിദേശത്തു നിന്നും വൻതോതിൽ ലഹരി ഇയാൾക്കു ലഭിച്ചെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 5 കിലോഗ്രാം ഹെറോയിൻ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വാഷിങ് മെഷീനിൽ ഒളിപ്പിച്ച 40 കിലോഗ്രാം ഹെറോയിൻ കണ്ടെത്തി.തൊട്ടടുത്ത ഗ്രാമത്തിൽ ഇയാൾ ഒളിപ്പിച്ചിരുന്ന 40 കിലോഗ്രാം ഹെറോയിനും കണ്ടെത്തിയിട്ടുണ്ട്. 22 പേർ മരിച്ച വ്യാജമദ്യ ദുരന്തത്തിനു ശേഷം ലഹരി സംഘങ്ങൾക്കെതിരെ പഞ്ചാബ് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
