ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിത്തമുള്ള ഒരു ഭീകരനെ അടക്കം മൂന്നു ഭീകരരെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് മൂന്ന് ഭീകരരെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ഉപജില്ലയായ അവന്തിപോറയിലെ നാദര്‍, ത്രാല്‍ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീരില്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്. പ്രത്യേക ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം, അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത സംഘം തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംശയിക്കപ്പെടുന്ന സ്ഥലത്തേക്ക് തിരച്ചില്‍ സംഘം നീങ്ങിയപ്പോള്‍, ഒളിച്ചിരിക്കുന്ന തീവ്രവാദികളില്‍ നിന്ന് വെടിവയ്പ്പ് ഉണ്ടായി. ഇതോടെ തിരിച്ച് വെടിവപ്പ് നടത്തിയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുല്‍വാമയിലെ അവന്ദിപ്പോറയിലെ സൈനിക ഓപ്പറേഷന്റെ പേര് ഓപ്പറേഷന്‍ നാദര്‍ എന്നാണ്. നാദറിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. കശ്മീര്‍ പൊലീസോ, സൈന്യമോ ഭീകരരെ വധിച്ചുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാല്‍ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കി. വീടുകളുടെ വീടുകളുടെ ഉള്ളില്‍ തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം. അതിനിടെ, ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീരിലേക്ക് തിരിച്ചു. സൈനിക വ്യോമ താവളങ്ങള്‍ സന്ദര്‍ശിക്കും.
