കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവും മകനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ കുന്ദാപുര തെക്കോട്ടയിലാണ് സംഭവം നടന്നത്. അങ്കദകട്ടെ പെട്രോള്‍ ബങ്കിലെ ജീവനക്കാരനായ മാധവ ദേവഡിഗ (56), മകന്‍ പ്രസാദ് ദേവഡിഗ (22) എന്നിവരാണ് മരിച്ചത്. മാധവയുടെ ഭാര്യ താര ദേവഡിഗ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങള്‍ വീടിനടുത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നു. കിണറില്‍ നിന്ന് കരച്ചിലും നിലവിളിയും കേട്ട അയല്‍വാസികള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഉടന്‍ നാട്ടുകാര്‍ കിണറ്റിലെ പടവില്‍ തൂങ്ങി കിടന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പിന്നീട് കോട്ടേശ്വര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുന്ദാപുരയില്‍ നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്ന് പുറത്തെടുത്തു. സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതയും കാരണമാകാം കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സംശയം. ഭര്‍ത്താവും മകനും ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് താര കിണറ്റില്‍ ചാടിയതെന്നാണ് കരുതുന്നത്. വീട്ടില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി സൂചനയുണ്ട്. കോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
