ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് കൊടുംഭീകരൻ മസൂദ് അസറിനു പാക്കിസ്താൻ സർക്കാർ 14 കോടി രൂപ നഷ്ടപരിഹാരമായി നൽകിയേക്കുമെന്ന് റിപ്പോർട്ട്. മേയ് 7ന് പാക്കിസ്താനിലും പാക് അധീനകശ്മീരിലും 9 ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് 14 ബന്ധുക്കൾ കൊല്ലപ്പെട്ട മസൂദിനു വൻതുക നഷ്ടപരിഹാരം ലഭിക്കുക. മസൂദിന്റെ സഹോദരനും മൂത്തസഹോദരിയും ഭർത്താവും ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനാണ് മസൂദ് അസർ. ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഭവൽപുരിലെ ഭീകര പരിശീലന ക്യാംപിൽ നടത്തിയ ആക്രമണത്തിലാണ് മസൂദിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത്. മസൂദിന്റെ സഹോദരനും ഭീകരനുമായ അബ്ദുൽ റൗഫ് അസറും മരിച്ചവരിൽ ഉൾപ്പെടുന്നു. 1999ൽ മസൂദിനെ ഇന്ത്യൻ ജയിലിൽ നിന്നു മോചിപ്പിക്കാൻ കാണ്ഡഹാറിൽ വിമാനം റാഞ്ചലിനു റൗഫ് നേതൃത്വം നൽകിയിരുന്നു. നേരത്തേ മസൂദിന്റെ കുടുംബാംഗങ്ങളുടെ സംസ്കാരചടങ്ങുകളിൽ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പാക് സർക്കാരിന്റെ നഷ്ടപരിഹാരം.
