കാഞ്ഞങ്ങാട്: മഡിയന്‍ കര്‍ണമൂര്‍ത്തി, മഡിയന്‍ ചിങ്കം, മഡിയന്‍ പുല്ലൂരാന്‍, മഡിയന്‍ തണ്ടാന്‍, വയല്‍ തണ്ടാന്‍,
മഡിയന്‍ മണിയാണി, ആലന്തട്ട ആശാരി, പനക്കൂല്‍ തറവാട്, കണ്ണംപാത്തി വീട്, പൂക്കണിയാന്‍
ആചാരക്കാരെ, കുമ്മണാര്‍ കളരി അവകാശി ആചാര പേരു ചൊല്ലി വിളിച്ചതോടെ പടിഞ്ഞാറെ ഗോപുരനടയില്‍ കാത്തുനിന്നവര്‍, കോലധാരികള്‍ക്കൊപ്പം ആചാര വേഷത്തില്‍ ക്ഷേത്ര മതില്‍ കെട്ടിനകത്ത് പ്രവേശിച്ചു.
ക്ഷേത്ര പാലക ക്ഷേത്രം കലശോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് സംക്രമ ദിവസം കൂലോം തീണ്ടല്‍ ചടങ്ങ് നടന്നു.
തായത്ത് വീട്ടില്‍ ഇളമയുടെ കാര്‍മ്മികത്ത്വത്തില്‍ ആയുധങ്ങള്‍ എഴുന്നള്ളിച്ച് പീഠത്തില്‍ വെച്ചത്തോടെ കോലധാരികള്‍ തോറ്റം ചൊല്ലി ദൈവങ്ങളെ തോറ്റി ഉണര്‍ത്തി.
ആസുര താളത്തിന്റെ അകമ്പടിയോടെ ക്ഷേത്രം വലം വച്ച് ദേവി ദേവന്മാരെ വന്ദിച്ചു.
മുല്ലച്ചേരി നായരച്ഛന്‍, മഡിയന്‍ നായരച്ഛന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം. ജയദേവന്‍, അംഗങ്ങളായ എന്‍.വി. ബേബിരാജ്, വി.നാരായണന്‍, വിജയന്‍ പെരിങ്ങേത്ത് , അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനം ആചാരക്കാര്‍, ഭാരവാഹികള്‍ കിഴക്കുംകര പുള്ളി കരിങ്കാളിയമ്മ ദേവസ്ഥാനം ആചാര സ്ഥാനികര്‍, ഭാരവാഹികള്‍ കലശം എഴുന്നള്ളിക്കുന്ന കളരികള്‍, വിവിധസമുദായ അവകാശികള്‍ ആചാര സ്ഥാനികര്‍, ക്ഷേത്ര നവീകരണ കമ്മറ്റി ഭാരവാഹികള്‍, വികസന സമിതി ഭാരവാഹികള്‍,ഭക്തജനങ്ങള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കലശോത്സവം സമാപിക്കുന്നത് വരെ രാവിലെ ചെണ്ടകൊട്ടി പള്ളിയുണര്‍ത്തുന്ന ചടങ്ങ് ഇനി കോലധാരികളാണ് നിര്‍വഹിക്കുക.
16ന് വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം ജന്മം കണിശന്‍ വിനോദ് കപ്പണക്കാല്‍ കലശത്തിന്റെയും ഓലകൊത്തല്‍ ചടങ്ങിന്റെയും തീയ്യതികള്‍ കുറിക്കും. മെയ് മാസം രണ്ട് ദിവസങ്ങളിലായി ആദ്യ ദിവസം രാത്രിയില്‍ നടക്കുന്ന അകത്തെ കലശത്തില്‍ മാഞ്ഞാളി അമ്മ മണാളന്‍, മണാട്ടി എന്നീ തെയ്യങ്ങളും വിവിധ കളരികളില്‍ നിന്നുള്ള കലശങ്ങളും രണ്ടാം ദിവസം വൈകിട്ട് പുറത്തെ കലശത്തിന്റെ ഭാഗമായി ക്ഷേത്രപാലകന്‍, കാളരാത്രി, നടയില്‍ ഭഗവതി തെയ്യങ്ങളും ഒപ്പം വിവിധ കളരികളില്‍ നിന്നായി 6 കലശങ്ങളും അരങ്ങിലെത്തും. മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മീന്‍ കോവള സമര്‍പ്പണവും നടക്കും. മടിയന്‍ ചിങ്കം, മടിയന്‍ കര്‍ണ്ണമൂര്‍ത്തി മടിയന്‍ പുല്ലൂരാന്‍ എന്നിവരാണ് ക്ഷേത്രപാലകന്‍, കാളരാത്രിയമ്മ, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങളുടെ തിരുമുടി തലയിലേ ന്തി അരങ്ങില്‍ എത്തി ആയിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യം നല്‍കുക.
