ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഡല്‍ഹിയില്‍ നിന്നു ബിഹാറിലേക്കു പോകുകയായിരുന്ന സ്ലീപ്പര്‍ ബസിനാണ് ലക്‌നൗവിലെ മോഹന്‍ലാല്‍ ഗഞ്ചില്‍ വച്ച് തീപിടിച്ചത്. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഈ സമയം ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. ബസില്‍ നിന്നു പുക ഉയര്‍ന്നതോടെ ഉണര്‍ന്ന യാത്രക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ സാധിക്കാത്തതു അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. തീ കണ്ടതോടെ പരിഭ്രാന്തിയിലായ ഡ്രൈവറും സഹായിയും ബസിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു.
ബസിന്റെ തീപിടിച്ച യാത്ര ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഒപ്പം യാത്രക്കാരെ പുറത്തിറങ്ങാനും സഹായിച്ചു. 10 മിനിറ്റോളം നീണ്ടു നിന്ന തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. അപകടകാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
