കാസര്‍കോട്: ചെങ്ങറ പുനരധിവാസ പാക്കേജില്‍ അനുവദിച്ച ഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് നല്‍കാന്‍ ജില്ലാ കള്ളര്‍ കെ. ഇമ്പശേഖരന്‍ ഉത്തരവിട്ടു. പാക്കേജ് അനുസരിച്ചു കാസര്‍കോട് പെരിയയില്‍ അനുവദിച്ച ഭൂമി ഗുണഭോക്താക്കളുടെ പുരോഗതി ലക്ഷ്യമിട്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കൈമാറുകയായിരുന്നു. ഈ ഭൂമി റവന്യൂ വകുപ്പില്‍ പുനര്‍ നിക്ഷിപ്തമാക്കി ഗുണഭോക്താക്കള്‍ക്ക് നിലവിലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കുന്നതിന് 2021 മെയ് 10ന് ഉത്തരവായിരുന്നു.
ഹോസ്ദുര്‍ഗ് താലൂക്കിലെ പെരിയ വില്ലേജിലെ സര്‍വേ നമ്പര്‍ 341/ഒന്നില്‍ ആണ് ഭൂമി അനുവദിച്ചത്. പട്ടയം അനുവദിച്ച 63 പേരില്‍ പട്ടികജാതി വിഭാഗത്തിന് 50 സെന്റ് വീതവും മറ്റു വിഭാഗങ്ങള്‍ക്ക് 25 സെന്റ് വീതവും സ്ഥലം അനുവദിച്ച് പട്ടയം നല്‍കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തിന് വീടുവയ്ക്കാന്‍ 8 സെന്റ് വീതവും 42 സെന്റ് വീതം കാര്‍ഷിക ആവശ്യത്തിനും അനുവദിച്ചു. മറ്റു വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് വീടുവയ്ക്കാന്‍ 8 സെന്റ് വീതവും 17 സെന്റ് വീതം കൃഷി ആവശ്യത്തിനും പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പട്ടയം അനുവദിച്ച 63 കുടുംബങ്ങള്‍ക്കു കിടപ്പാടത്തിനായുള്ള 8 സെന്റ് ഭൂമി മാത്രമേ നേരത്തെ അതിര്‍ത്തി നിര്‍ണയിച്ചു നല്‍കിയിരുന്നുള്ളു. പട്ടയത്തില്‍ പ്ലോട്ട് നമ്പര്‍ രേഖപ്പെടുത്തിയിരുന്നുമില്ല. പട്ടയത്തില്‍ ഉള്‍പ്പെട്ട കൃഷിഭൂമി കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളും പരാതികളും ഉയരുകയും ചെയ്തു. പ്രസ്തുത പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ കേരള ഹൈക്കോടതി സംസ്ഥാന പട്ടികജാതി-പട്ടിക-ഗോത്രവര്‍ കമ്മീഷനോടും നിര്‍ദ്ദേശിച്ചു.
ഈ സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ പെരിയ വില്ലേജില്‍ പട്ടയം അനുവദിച്ച 63 പേരില്‍ 58 പേര്‍ക്ക് കൃഷിക്കായി നീക്കിവെച്ച ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തി ഫൈനല്‍ സ്‌കെച്ചിന്റെ അടിസ്ഥാനത്തില്‍ റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള അഞ്ചുപേരില്‍ നാലുപേര്‍ മരണപ്പെട്ടതിനാല്‍ പട്ടയം കൈപ്പറ്റിയിട്ടില്ല.
ഒരാള്‍ അസുഖം മൂലം കിടപ്പിലായതിനാല്‍ ഹാജരായില്ല. 58 പേര്‍ക്ക് അനുവദിച്ച താമസ സ്ഥലത്തിന്റെയും കൃഷിക്കായി മാറ്റി വെച്ച ഭൂമിയുടെയും പ്ലോട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ പട്ടികയ്ക്കാണ് കലക്ടര്‍ ഉത്തരവിട്ടിരുന്നത്.
ഈ പ്ലോട്ടുകള്‍ അതിര്‍ത്തിനിര്‍ണയം നടത്തി നല്‍കിയിട്ടുണ്ട്.
ചെങ്ങറ ഭൂസമരത്തിലെ ഗുണഭോക്താക്കള്‍ക്ക് പെരിയ വില്ലേജില്‍ പട്ടയം അനുവദിച്ചതില്‍ കൃഷിക്കായി കണ്ടെത്തിയ സര്‍വ്വേ നമ്പര്‍ 341/ഒന്നില്‍ ഉള്‍പ്പെട്ട ഭൂമി ഭൂരിഭാഗവും കഠിനമായ ചെങ്കല്‍പ്പാറ പ്രദേശമായതിനാല്‍ കൃഷിക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഗുണഭോക്താക്കള്‍ അറിയിച്ചു. ഈ ഭൂമി കൃഷിഭൂമിയായി സ്വീകരിക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറായിരുന്നില്ല. ജില്ലയില്‍ മറ്റൊരിടത്തും ഈ ആവശ്യത്തിനു പതിച്ചു കൊടുക്കുന്നതിന് പറ്റിയ സര്‍ക്കാര്‍ ഭൂമി യോജിച്ച ഭൂമിയോ കണ്ടെത്താന്‍ കഴിയാത്തതിനാലാണു ലഭ്യമായ ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു നല്‍കുന്നത്. ഗുണഭോക്താക്കള്‍ ഇതിനു സമ്മതം അറിയിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. പട്ടിക പ്രകാരം ഭൂമി അതിര്‍ത്തി നിര്‍ണയിച്ചു സര്‍വേയും ഭൂരേഖയും വകുപ്പ് പ്ലോട്ടുകള്‍ റീസര്‍വ്വേ ചെയ്ത് നല്‍കി.
ചെങ്ങറ ഗുണഭോക്താക്കള്‍ക്ക് പെരിയ വില്ലേജില്‍ അനുവദിച്ച പട്ടയം സംബന്ധിച്ച് വിഷയം സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയതാണ്. ഈ സാഹചര്യത്തിലാണ് ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട താമസ ഭൂമിയുടെയും കൃഷിഭൂമിയുടെയും പ്ലോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക ജില്ലാ കളക്ടര്‍ അംഗീകാരം നല്‍കി ഉത്തരവായത്.
ഈ പട്ടികയില്‍ പറഞ്ഞ പ്ലോട്ടു നമ്പറുകള്‍ അതത് പട്ടികയില്‍ രേഖപ്പെടുത്തി പുതുക്കിയ സ്‌കെച്ച് 15 ദിവസത്തിനകം ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ അനുവദിക്കണമെന്നു ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചു.
