ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ബുധനാഴ്ച പറഞ്ഞു. ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട്, യുബൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത് നീതീകരിക്കാനാവാത്തതാണെന്നും ദേശീയ വികാരത്തിന് എതിരാണെന്നും മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സില്‍ കുറിച്ചു.
ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിച്ച് മാത്രമേ വ്യാപാരം നടത്താവൂ എന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്ഥാന്റെ ദേശീയ ചിഹ്നങ്ങളുള്ള പതാകകളും അനുബന്ധ വസ്തുക്കളും ഈ പ്ലാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് സിസിപിഎയുടെ നടപടി. എന്നാല്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട്, മറ്റ് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ഉടനടി പ്രതികരണമൊന്നും നല്‍കിയിട്ടില്ല.
