ഫരീദാബാദ്: ഹരിയാണയിൽ ദുർമന്ത്രവാദിനിയെ വിശ്വസിച്ച് 2 വയസ്സുകാരനായ മകനെ യുവതി കനാലിൽ എറിഞ്ഞു കൊന്നു. ഫരീദാബാദ് സ്വദേശിനിയായ മേഘ ലുക്റയാണ് കൃത്യത്തിനു പിന്നിൽ. മേഘയെയും ദുർമന്ത്രവാദിനി മിത ഭാട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മേഘയുടെ ഭർത്താവ് കപിലിന്റെ പരാതിയിന്മേലാണ് നടപടി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മകനുമായി പുറത്തിറങ്ങിയ മേഘ കനാലിനു സമീപം എത്തിയപ്പോൾ കുട്ടിയെ വെള്ളത്തിലേക്ക് ഇടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കപിലിനും മേഘയ്ക്കും രണ്ടു മക്കളാണുള്ളത്. 14 വയസ്സുകാരിയായ മകളും 2 വയസ്സുകാരനും. കടുത്ത അന്ധവിശ്വാസിയായ മേഘയ്ക്കു ദുർമന്ത്രവാദിനിയുമായി വർഷങ്ങളോളം നീണ്ട ബന്ധമുണ്ട്. ഇളയമകൻ ജനിച്ചതു മുതൽ മേഘ മാനസിക സമ്മർദത്തിലായിരുന്നു. ഇരുണ്ട ശക്തി കുട്ടിയെ ബാധിച്ചതായും കുടുംബത്തിലെ എല്ലാവരുടെയും മരണത്തിനു ഇതു കാരണമാകുമെന്നും ദുർമന്ത്രവാദിനി ഇവരോടു പറഞ്ഞു.
. ഇതോടെയാണ് കുട്ടിയെ കൊലപ്പെടുത്താൻ മേഘ തീരുമാനിച്ചത്.
