ഗുരുഗ്രാം: ഉത്തർപ്രദേശിൽ ചായക്കട ഉടമയെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ ഫാറൂഖ്നഗറിൽ ചായക്കട നടത്തിയിരുന്ന രാകേഷ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒരു സംഘം യുവാക്കൾ കടയിൽ ചായ കുടിക്കാൻ എത്തിയിരുന്നു. സമൂസ വാങ്ങിയതിനെ ചൊല്ലി രാകേഷും ഇവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വധഭീഷണി മുഴക്കിയ ശേഷം സംഘം കട വിട്ടു. പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് രാകേഷ് പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് ഇതിനു തയാറായില്ല. ചൊവ്വാഴ്ച രാവിലെ ആയുധങ്ങളുമായെത്തിയ സംഘം രാകേഷിനു നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് രാകേഷിന്റെ കുടുംബവും പ്രദേശവാസികളും റോഡ് ഉപരോധിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
