ഭോപ്പാൽ: ഓപ്പറേഷൻ സിന്ദൂരിന്റെ മുൻനിര പോരാളി കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ്
മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു . കേസ് റജിസ്റ്റർ ചെയ്ത് എഫ്ഐആർ സമർപ്പിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകുകയായിരുന്നു. സമൂഹത്തിൽ മതസ്പർധയും വിള്ളലും ഉണ്ടാക്കാൻ ശേഷിയുള്ളതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സാവിത്രി താക്കൂർ ഉൾപ്പെടെ പങ്കെടുത്ത വേദിയിലാണ് സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമർശം മന്ത്രി നടത്തിയത്.
മതം ചോദിച്ച് വിവസ്ത്ര രാക്കിയാണ് 26 പേരെ ഭീകരർ വെടിവച്ചു കൊന്നത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ആ ഭികരരെ നേരിടാൻ അവരുടെ സമുദായത്തിൽപെടുന്ന ഒരാളെ തന്നെ മോദി അയച്ചു എന്നാണ് മന്ത്രി പറഞ്ഞത്. പ്രസംഗം
വിവാദമായതോടെ മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. മന്ത്രിസഭയിൽ നിന്നു കുൻവർ വിജയ്ഷായെ പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതിനിടെ ദേശീയ വനിതാ കമ്മിഷൻ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. സ്ത്രീകളുടെ അന്തസ്സിനു മുറിവേൽപിക്കുന്നതും ദേശീയ സുരക്ഷയിൽ മുഖ്യപങ്കുവഹിക്കുന്ന രാജ്യത്തിന്റെ പെൺമക്കളെ അപമാനിക്കുന്നതുമാണ് പരാമർശമെന്ന് കമ്മിഷൻ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്നൽസിലെ ആദ്യ വനിത ഓഫിസറാണ് കേണൽ സോഫിയ ഖുറേഷി. 2016ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായ എക്സർസൈസ് ഫോഴ്സ് 18ൽ ഇന്ത്യൻ സംഘത്തെ നയിച്ചു. ഗുജറാത്ത് സ്വദേശിയായ സോഫിയ ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. സൈനിക ഓഫിസറായ മുത്തച്ഛന്റെ പാത പിന്തുടർന്നാണ് സൈന്യത്തിലെത്തിയത്.
