ലഹോർ: വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇന്ത്യ-പാക് നയതന്ത്ര സംഘർഷം തുടരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാക്കിസ്താൻ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശിച്ചു. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി മണിക്കൂറുകൾക്കകമാണ് നടപടി. സമാനമായി 24 മണിക്കൂറിനകം രാജ്യം വിടണമെന്നും ഇന്ത്യ നിർദേശിച്ചിരുന്നു.
പദവിക്കു നിരക്കാത്ത പ്രവൃത്തിയിലേർപ്പെട്ടതിനു രാജ്യത്തിനു അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ചാണ് പാക് ഹൈമ്മിഷനിലെ ജീവനക്കാരനെ ഇന്ത്യ പുറത്താക്കിയത്. നേരത്തേ ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്താനു ചോർത്തി നൽകിയതിനു 2 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി.
വെടിനിർത്തൽ ധാരണയിൽ എത്തിച്ചേർന്നെങ്കിലും പാക്കിസ്താനുമായുള്ള നയതന്ത്രബന്ധത്തിൽ വരുത്തിയ മാറ്റങ്ങളിൽ നിന്നു പിന്നോട്ടു പോകാൻ ഇന്ത്യ തയാറായിട്ടില്ല. സിന്ധുനദീജല കരാർ മരവിപ്പിച്ചതും കർതാർപുർ ഇടനാഴി അടച്ചതും ഉൾപ്പെടെ തീരുമാനങ്ങൾ തുടരും.
