കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 40 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകളെ കസ്റ്റംസും എയര്‍ ഇന്റലിജന്‍സും ചേര്‍ന്നു അറസ്റ്റു ചെയ്തു.
ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശി കവിതാ രാജേഷ് കുമാര്‍(40), തൃശൂരിലെ സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11.45നു തായ്‌ലന്റില്‍ നിന്നെത്തിയ എയര്‍ ഏഷ്യാ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.
34കിലോ ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ കലര്‍ത്തിയ 15 കിലോയോളം ചോക്ലേറ്റ്, കേക്ക്, ക്രീം, ബിസ്‌കറ്റ് എന്നിവയാണ് ഇവരില്‍ നിന്നു പിടികൂടിയത്. മലേഷ്യ വഴിയാണ് തായ്‌ലന്റില്‍ നിന്ന് ഇവര്‍ കരിപ്പൂരിലെത്തിയത്. രാസലഹരിക്കെതിരെ സംസ്ഥാനത്തു നടപടി കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് മയക്കുമരുന്ന് സംസ്ഥാനത്ത് വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്നത്. മയക്കുമരുന്നു മാഫിയക്കു വിവിധ മേഖലകളില്‍ ഉന്നത സ്വാധീനമുള്ളവരുടെ ഒത്താശയുണ്ടെന്ന് ആക്ഷേപമുണ്ട്. മയക്കുമരുന്നു കടത്തിയ സ്ത്രീകളെ വിശദമായി ചോദ്യം ചെയ്താല്‍ മയക്കുമരുന്നു മാഫിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായേക്കുമെന്നു കരുതുന്നു.
