കണ്ണൂര്‍: പള്ളിയില്‍ കിടന്നുറങ്ങിയ ആളുടെ 1,43,000 രൂപയും 5000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്ന വിരുതൻ അറസ്റ്റിൽ . ഏച്ചൂര്‍ മുണ്ടേരി പി.കെ ഹൗസില്‍ പി.ഉമ്മറി (52) നെയാണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക ചിക്മംഗ്ളൂരു സ്വദേശിയായ ഇബ്രാഹിമിന്റെ പണം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ നോമ്പുകാലത്തെ അവസാന ദിനത്തിലായിരുന്നു കവര്‍ച്ച . ഭിന്നശേഷിക്കാരനാണ് ഇബ്രാഹിം. കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ ഇയാള്‍ പല സ്ഥലത്തും സഞ്ചരിച്ച് സക്കാത്ത് ശേഖരിച്ച് കാംബസര്‍ പള്ളിയില്‍ കിടന്നുറങ്ങിയതായിരുന്നു. കണ്ണൂര്‍ മാര്‍ക്കറ്റിലും മറ്റും സ്ഥിരമായി ചുറ്റിക്കറങ്ങി നടക്കാറുള്ള ഉമ്മറും ഇതേ ദിനം ഈ പള്ളിയില്‍ കിടന്നുറങ്ങിയിരുന്നു. ഇബ്രാഹിം തന്റെ കൈവശമുള്ള ബാഗിലാണ് പണവും മൊബൈല്‍ ഫോണും സൂക്ഷിച്ചിരുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ബാഗ് കാണാത്തതിനെത്തുടര്‍ന്ന് പള്ളി അധികൃതരുടെ സഹായത്തോടെ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പണം തട്ടിയെടുത്ത ആളെ തിരിച്ചറിഞ്ഞത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ കണ്ണൂരില്‍ നിന്ന് മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഉമ്മറിന്റെ ഫോണ്‍ ലൊക്കേഷന്‍ പാലക്കാട് വാളയാറിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി പൊലീസ് സംഘം അവിടെയെത്തിയാണ് ഉമ്മറിനെ പിടികൂടിയത്. പൊലീസ് സംഘത്തിൽ എസ്.ഐ: അനുരൂപ്, പ്രൊബേഷന്‍ എസ്.ഐ: വിനീത്, പൊലീസുകാരായ നാസര്‍, റമീസ്, ബൈജു എന്നിവരും ഉണ്ടായിരുന്നു.
