കാസര്‍കോട്: ചെറുപ്രായത്തില്‍ കൂടുതല്‍ ദൂരം സോളോ ബൈക്ക് യാത്ര ചെയ്തു ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ കുമ്പള സ്വദേശിനി അമൃത ജോഷി തന്റെ സോളോ ബൈക്കില്‍ യുഎ.ഇയിലും ഒമാനിലും ബൈക്ക് യാത്ര ആരംഭിച്ചു.
ഈ മാസം അഞ്ചിനാണ് മംഗ്ളൂരു വിമാനത്താവളത്തില്‍ നിന്ന് അമൃത ദുബായിലേക്കു യാത്ര തിരിച്ചത്. തന്റെ സോളോ ബൈക്ക് അതിനു മുമ്പ് അമൃത കൊച്ചിയില്‍ നിന്നു ദുബായിലേക്ക് അയച്ചിരുന്നു.
ദുബായിലെ സന്ദര്‍ശന യാത്രയുടെ ഭാഗമായി കറാമയില്‍ എത്തിയ അമൃത അവിടെയും ബൈക്ക് ഓടിച്ചു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജനങ്ങളുമായി സംസാരിച്ചു. കൗതുകകാഴ്ചകള്‍ കണ്ടു. ഇന്ന് ഒമാനിലേക്ക് പോകും. അവിടെ ബൈക്കില്‍ ചുറ്റിക്കറങ്ങി കാഴ്ചകള്‍ കാണുകയും നാടിന്റെ ആത്മാവു കണ്ടെത്തുകയും ചെയ്ത ശേഷം വീണ്ടും ദുബായിലേക്കു മടങ്ങും. തുടര്‍ന്നു യുഎഇയിലെ ഏഴ് എമിറേറ്റ്സുകളിലും ബൈക്കില്‍ത്തന്നെ പര്യടനം നടത്താനാണ് പരിപാടി. 26ന് കുമ്പളയില്‍ തിരിച്ചെത്തും.
2022ല്‍ ഇന്ത്യയില്‍ 23,000 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ചാണ് അമൃത ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ കയറിപ്പറ്റിയത്. കുട്ടിക്കാലത്തേ ബൈക്ക് യാത്രയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അമൃത പിന്നീട് ബൈക്ക് റൈഡിംഗില്‍ വിദഗ്ധയാവുകയും ബൈക്കും ബൈക്കു യാത്രയും ജീവിതത്തിന്റെ ഭാഗമാക്കുകയുമായിരുന്നു. വീട്ടുകാര്‍ അതിനു കൂട്ടുനിന്നു. പരേതനായ അശോക് ജോഷിയാണ് പിതാവ്. മാതാവ്: അന്നപൂര്‍ണ്ണ. സഹോദരങ്ങളായ അജയ് ജോഷി, അപൂര്‍വ്വ ജോഷി എന്നിവര്‍ ബംഗ്ളൂരുവിലാണ്. കുമ്പള ബദിയഡുക്ക റോഡിലാണ് വീട്.
