കാസർകോട്: എക്സൈസ് സംഘം പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച കാറിൽ നിന്നു 528 പാക്കറ്റ് കർണാടക മദ്യം പിടികൂടി. സംഭവത്തിൽ കുപ്രസിദ്ധ മദ്യ കടത്തുകാരൻ മഞ്ചേശ്വരം, കുഞ്ചത്തൂർ, ശാരദാ നിവാസിൽ അണ്ണു എന്ന അരവിന്ദാക്ഷ ( 44 )നെതിരെ കാസർകോട് എക്സൈസ് കേസെടുത്തു. ബുധനാഴ്ച്ച പുലർച്ചെ കാസർകോട്, ആലംപാടി – മാന്യ റോഡിൽ മുണ്ടോടാണ് സംഭവം. അണ്ണു ഓടിച്ചിരുന്ന കാറിനെ സംശയത്തിന്റെ പേരിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. സൂരജും സംഘവും പിന്തുടർന്നു. പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ കാർ ഉപേക്ഷിച്ച് അണ്ണു രക്ഷപ്പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് കാറിനകത്ത് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. ഉണ്ണികൃഷ്ണൻ, സാജൻ അപ്യാൽ, കെ.വി. രജ്ഞിത്ത്,സി.ഇ.ഒ മാരായ എം. ശ്യാംജിത്ത്, ടി. കണ്ണൻ കുഞ്ഞി, സി.എം. അമൽജിത്ത് എന്നിവരും ഉണ്ടായിരുന്നു.
