കണ്ണൂർ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ 50 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുപുഴ തിമിരി കഴുക്കല്‍ സ്വദേശി താളയില്‍ പ്രമോദ് രാജ(25)നെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്. 2022 ജൂലായ് മുതല്‍ ആഗസ്ത് 29 വരെയുള്ള ദിവസങ്ങളില്‍ ആലക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയുടെ വീട്ടില്‍ ഇയാള്‍ കിലോമീറ്ററുകളോളം രാത്രി ബൈക്കില്‍ സഞ്ചരിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടെ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ പ്രചരിച്ച ഒരു ഫോട്ടോ സംബന്ധിച്ച് അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. അധ്യാപകര്‍ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു.
പരാതി ലഭിച്ചതോടെ ആലക്കോട് പൊലീസ് ഇൻസ്പെക്ടർ വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വെല്‍ഡിങ്ങ് തൊഴിലാളിയായ പ്രമോദ് രാജിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
