ന്യൂഡൽഹി: വെടിനിർത്തൽ നിലവിൽ വന്നിട്ടും അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്കിസ്താൻ പിടിച്ചുവച്ചിരിക്കുന്ന ബിഎസ്എഫ് ജവാന്റെ മോചനം വൈകുന്നു. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ പൂർണം സാഹു വിനെക്കുറിച്ച് ഇപ്പോൾ അപ്ഡേറ്റ് നൽകാനാകില്ലെന്നണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ
വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23നാണ് ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിയിൽ കർഷകരെ സഹായിക്കുന്നതിനിടെ സാഹു അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്നത്. പിന്നാലെ സാഹുവിനെ കസ്റ്റഡിയിലെടുത്ത പാക്കിസ്താൻ സാഹു വിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സാഹുവിന്റെ മോചനം സംബന്ധിച്ച് ബിഎസ്എഫും പാക് സൈന്യവും പല തവണ ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. ബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് സാഹു. ഭാര്യയും 7 വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം സാഹുവിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ്. അതിനിടെ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും സാഹുവിനെ മോചിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
