ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന നിഷ്ഠൂര കൂട്ടക്കൊലപാതകത്തിലെ പങ്കാളികളാണ് ഇവരെന്നു സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്കു നേരെയുണ്ടാവുന്ന ഏതു ഭീകരാക്രമണത്തേയും യുദ്ധ നടപടിയായി കാണുമെന്നും അതേ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിച്ചു. ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരസംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നിരിക്കാമെന്നു ഇന്ത്യന്‍ സേന സംശയിക്കുന്നു.
കുല്‍ഗാമിലാണ് ഭീകരര്‍ സേനയുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നീട് ഷോപ്പിയാനിലെ വനമേഖലയിലേക്കു മാറിയ ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂറോളം നീണ്ടു. ഇന്ത്യന്‍ സേനക്ക് പുറമെ അര്‍ധസൈനിക വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഭീകരരുമായി പോരാടിയത്. ഷോപ്പിയാനിലെ ഷുക്കല്‍ കെല്ലര്‍ പ്രദേശത്ത് തീവ്രവാദി സാന്നിധ്യമുണ്ടെന്നു ദേശീയ റൈഫിള്‍ യൂണിറ്റ് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. അതിനെ തുടര്‍ന്നുള്ള തിരച്ചിലിനിടയിലാണ് വെടിവെപ്പുണ്ടായത്. ഒളിവിലുള്ള ഒരു ഭീകരനു വേണ്ടി തിരച്ചില്‍ തുടരുന്നുണ്ട്.
