കോയമ്പത്തൂര്‍: ഡോക്ടര്‍മാര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള 200 പേരെ ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയാക്കിയ കേസിലെ ഒന്‍പതു പ്രതികളെയും കോയമ്പത്തൂര്‍ മഹിളാ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ശബരിരാജന്‍ എന്ന റിശ്യന്ത് (32), തിരുനാവുകരശു (34), ടി. വസന്ത കുമാര്‍ (30), എം. സതീഷ് (32), ആര്‍ മണി എന്ന മണിവര്‍ണന്‍, പി ബാബു (33), ഹാരോണ്‍പോള്‍ (32), അരുളാനന്ദം (39), അരുണ്‍ കുമാര്‍ (33) എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി രാവിലെ കണ്ടെത്തിയിരുന്നു. 2016 മുതല്‍ 2019 വരെയുള്ള കാലയളവിലായി ഇരുന്നൂറോളം പേരെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഡോക്ടര്‍മാര്‍, കോളേജ് അധ്യാപികമാര്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി നിരവധി യുവതികളാണ് പീഡനത്തിനു ഇരയായത്.
തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യപ്പെട്ട 19കാരിയായ വിദ്യാര്‍ത്ഥിനി വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി. ഇവരുടെ ലാപ്‌ടോപ്പുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി യുവതികളുടെ നഗ്നദൃശ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ പരാതി നല്‍കാന്‍ പലരും തയ്യാറായിരുന്നില്ല. ഇത് കേസ് അന്വേഷണത്തിനു വലിയ വെല്ലുവിളിയായിരുന്നു.
സോഷ്യല്‍ മീഡിയകളിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതികളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് കേസ്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ് സിബിഐ ആണ് അന്വേഷിച്ചത്.
എഐഎഡിഎംകെയുമായി ബന്ധപ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ടവര്‍.