കാസര്‍കോട്: ദേശീയ പാത നിര്‍മ്മാണത്തിനിടയില്‍ കുന്നിടിഞ്ഞ് വീണു ഒരു തൊഴിലാളി മരിച്ചു.
പശ്ചിമബംഗാള്‍, കൊല്‍ക്കത്ത സ്വദേശിയായ മുംതാജ് മീര്‍ (18) ആണ് മരിച്ചത്. പരിക്കേറ്റ കൊല്‍ക്കത്ത സ്വദേശികളായ മുന്നാല് ലസ്കര്‍ (55), മോഹന്‍ തേജര്‍ (18) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവര്‍ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പത്തരമണിയോടെ ചെറുവത്തൂര്‍ മട്ടലായിയിലാണ് അപകടം. കുന്ന് പെട്ടെന്നു ഇടിഞ്ഞു താഴുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മറ്റു തൊഴിലാളികളുടെ സഹായത്തോടെ മണ്ണു നീക്കിയാണ് മണ്ണിനടിയില്‍ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ മൂന്നു തൊഴിലാളികളെയും ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിലൊരാള്‍ മരണപ്പെടുകയായിരുന്നു. അതിഥി തൊഴിലാളികളാണ് എല്ലാവരുമെന്ന് പറയുന്നു. മേഘ കമ്പനിയാണ് ഇവിടെ ദേശീയ പാത നിര്‍മ്മാണം നടത്തുന്നത്.

