ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇന്ത്യക്കെതിരെ ആക്രമണം രൂക്ഷമാക്കാനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങളെ ഇന്ത്യ തകര്‍ത്തു.
ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലുടനീളം പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അതിശക്തമായി ഇന്ത്യ തിരിച്ചടിച്ചു. റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ഖാന്‍ എന്നീ പാക്കിസ്ഥാന്‍ എയര്‍ബേസറുകള്‍ ഇന്ത്യ തകര്‍ത്തുവെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്റര്‍ വ്യോമികാസിംഗ് എന്നിവര്‍ തിരിച്ചടിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ടു വെളിപ്പെടുത്തി. പാക്കിസ്ഥാന്‍ സേനാ താവളങ്ങളായ സുക്കൂര്‍, ചുനിയ, റഡാര്‍ സൈറ്റുകളായ പസ്ദൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. പാക്കിസ്ഥാന്‍ നിരന്തരമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണെന്ന് ഇവര്‍ പറഞ്ഞു. ഇന്ത്യയുടെ പശ്ചിമ മേഖലയില്‍ ആക്രമണം തുടരുന്നു. ആളില്ലാത്ത വ്യോമ വാഹനങ്ങള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, ഫൈറ്റര്‍ ജെറ്റുകള്‍ എന്നിവ കൊണ്ടു ഇന്ത്യയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നു. സൈനിക കേന്ദ്രങ്ങളിലും അവര്‍ അക്രമത്തിനു ലക്ഷ്യം വയ്ക്കുന്നു. ഈ ശ്രമങ്ങളെ ഇന്ത്യന്‍ ആര്‍മി അനായാസമായും അതിശക്തമായും ചെറുത്തു. ആയുധങ്ങളും അക്രമത്തിനുപയോഗിച്ച വിമാനങ്ങളും ഇന്ത്യ നിര്‍വീര്യമാക്കി. ഉദ്ധംപൂര്‍, പത്താന്‍കോട്, ആദംപുര്‍, ഭൂജ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും യുദ്ധ സജ്ജീകരണങ്ങള്‍ക്കും നേരിയ നാശമുണ്ടായിട്ടുണ്ടെന്നു അവര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഇപ്പോള്‍ ഇന്ത്യന്‍ ജനവാസ കേന്ദ്രങ്ങളെയും ആരോഗ്യ കേന്ദ്രങ്ങളെയും സ്‌കൂളുകളെയും ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇതിനു പ്രതികാരമായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പാക് പട്ടാള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി തിരിച്ചടിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ആയുധ സങ്കേതങ്ങള്‍, കമാന്റ് സെന്ററുകള്‍, കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍സെന്ററുകള്‍, ആയുധ ശേഖരണത്താവളങ്ങള്‍ എന്നിവയ്ക്കു നേരെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തിരിച്ചടിക്കുന്നത്. ഇതിനു പുറമെ പാക് മിലിറ്ററി താവളങ്ങളായ റഫീഖി, മുരീദ്, ചക്ലാ, റഹിം യാര്‍ഖാന്‍, സുക്കൂര്‍, ചുനിയ എന്നിവിടങ്ങളും ഇന്ത്യന്‍ സേന ആക്രമണം നടത്തി.
ഇതിനു പുറമെ ഇന്ത്യക്കാരെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരാധനാലയങ്ങള്‍ക്കു നേരെയും പാക്കിസ്ഥാന്‍ അക്രമ നീക്കം നടത്തുന്നുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യക്കു വന്‍ നാശമുണ്ടാക്കിയതായി പാക്കിസ്ഥാന്‍ നടത്തുന്ന വ്യാജ പ്രചരണങ്ങളും ആക്രമണ ദൃശ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് പത്രസമ്മേളനത്തില്‍ പൊളിച്ചടുക്കി.
