ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ അതിർത്തിയിൽ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക്ക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച്- രജൗരി മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദിനേഷ് ചികിത്സയ്ക്കിടെ വീരമൃത്യു വരിക്കുകയായിരുന്നു. ഹരിയാണ പൽവാൾ സ്വദേശിയാണ്. നിയന്ത്രണരേഖയിലെ ബാരാമുള്ളയിൽ പാക്കിസ്താൻ നടത്തിയ ആക്രമണത്തിലാണ് ദിനേഷിനു പരുക്കേറ്റത്. പാക് സൈന്യമെറിഞ്ഞ സ്ഫോടക വസ്തു ദിനേഷിനു സമീപം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
5 സൈനികർക്കു കൂടി ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ മുതൽ പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിൽ മരണസംഖ്യ 15 ആയി. 4 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. മരിച്ചവരെല്ലാം കശ്മീരികളാണ്. 50ലേറെ പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി.
