കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിക്കെതിരെ രണ്ടു മോഷണ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ ബിന്ദു (45)വിനെതിരെയാണ് കേസെടുത്തത്. ഇതോടെ ബിന്ദുവിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ ഉള്ള കവര്‍ച്ചാ കേസുകളുടെ എണ്ണം ആറായി.
പിലിക്കോട്, കൊതോളിയിലെ പുഷ്പയുടെ വീട്ടില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണവും കാടങ്കോട്ടെ ജാനകിയുടെ വീട്ടില്‍ നിന്നു ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്തതിനുമാണ് പുതുതായി കേസെടുത്തത്. രണ്ടു വീടുകളിലും കിടപ്പുമുറിയിലെ അലമാര തുറന്നാണ് ആഭരണങ്ങള്‍ കൈക്കലാക്കിയതെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ ബിന്ദുവിന്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചാ കേസിലാണ് ബന്ധുവായ ബിന്ദുവിനെ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.പി സതീഷ് കുമാറും സംഘവും ആദ്യമായി അറസ്റ്റു ചെയ്തത്. വീടിനു പുറത്തു വച്ച താക്കോലെടുത്ത് വീടു തുറന്നാണ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണം കവര്‍ന്നത്. ഈ സമയത്ത് ബിന്ദുവും വീട്ടുകാരും കാഞ്ഞങ്ങാട് ആവിക്കരയില്‍ നടന്ന ഭര്‍തൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശപ്രകാരം ചന്തേര പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കാര്യം സമ്മതിച്ച ബിന്ദുവിനെ റിമാന്റ് ചെയ്യുകയും ചെയ്തു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായത്. പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിച്ചതായി പൊലീസ് പറഞ്ഞു.
