ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന അവകാശവാദവുമായി പാക്കിസ്താൻ. പാക് ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ആശയവിനിമയം തുടരുന്നതായാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ മിസൈൽ ആക്രമണങ്ങൾക്കു തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രണ്ടാമതും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ വ്യത്യസ്തമായ പ്രതികരണം.
നേരത്തേ ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്നപരിഹാരത്തിനു തയാറാണെന്നു പാക് പ്രതിരോധമന്ത്രി ക്വാജ ആസിഫ് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നാലെ ചേർന്ന ദേശീയ സുരക്ഷ സമിതി തിരിച്ചടി നൽകാൻ പാക് സൈന്യത്തിനു സ്വാതന്ത്ര്യം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
