കാസര്‍കോട്: ഇന്ത്യാ-പാക് ബന്ധം പൊട്ടിത്തെറിയിലെത്തിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സജാദ്ഗുല്‍ കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും അന്വേഷണം. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.
ബംഗ്‌ളൂരിലാണ് സജാദ്ഗുല്‍ എം.ബി.എ പഠനം നടത്തിയത്. അതിനു ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതെന്നും പിന്നീട് ശ്രീനഗറിലെത്തി മെഡിക്കല്‍ ലാബ് തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. ലാബ് തുടങ്ങിയതിനു ശേഷം ഭീകരരെ സഹായിക്കാന്‍ തുടങ്ങുകയും 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ആര്‍.ഡി.എക്‌സുമായി പിടിയിലാവുകയും ചെയ്തു. ഭീകരവാദക്കുറ്റത്തിനു 10 വര്‍ഷം ജയിലില്‍ കഴിഞ്ഞ സജാദ്ഗുല്‍ 2017ല്‍ ജയില്‍മോചിതനായി. പിന്നീട് പാക്കിസ്ഥാനിലേക്ക് പോയി ഐഎസ്‌ഐയുമായി ബന്ധപ്പെട്ടു. ലഷ്‌കര്‍ ഇ ത്വയിബയുടെ സഹായത്തോടെ ടി.ആര്‍.എഫ് എന്ന ഭീകര സംഘടനക്കു രൂപം നല്‍കി. ആള്‍ക്കാരെ തെരഞ്ഞു പിടിച്ചു കൊല്ലുന്നതാണ് സംഘടനയുടെ രീതി. 2020ല്‍ സജാദിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിക്കുകയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിനു സജാദ്ഗുല്‍ നേതൃത്വം നല്‍കിയത്. ഇതോടെയാണ് ഇയാളുടെ പഴയ വേരുകള്‍ തേടി വിവിധ അന്വേഷണ ഏജന്‍സികള്‍ രംഗത്തിറങ്ങിയത്. സജാദ് കേരളത്തില്‍ എവിടെയാണ് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതെന്നു കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
