ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ മറുപടി ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് റജിസ്റ്റർ ചെയ്യാൻ 15 നിർമാതാക്കൾ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചതായാണ് വിവരം.
പ്രമുഖ നിർമാതാക്കളായ മഹാവീർ ജെയിൻ, അശോക് പണ്ഡിറ്റ്, സംവിധായകൻ മധുർ ഭണ്ഡാക്കർ, ബോളിവുഡ് സ്റ്റുഡിയോകളായ ടി-സീരീസ്, സീ സ്റ്റുഡിയോസ് എന്നിവയാണ് ഇതേ പേരിൽ സിനിമ നിർമിക്കാൻ രംഗത്തുള്ളത്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ സ്റ്റുഡിയോസും ഇതിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും വ്യാജ വാർത്തയാണെന്ന് കമ്പനി പ്രതികരിച്ചു.
അതിനിടെ ബോളിവുഡിൽ പ്രശസ്തരുടെ ബയോപിക്കുകളും യഥാർഥ സംഭവങ്ങളും മാത്രമാണ് സിനിമയാകുന്നതെന്ന വിമർശനം ശക്തമാണ്. ആശയദാരിദ്ര്യത്തിനെതിരെ നടൻ നവാസുദ്ദീൻ സിദ്ദിഖി, സംവിധായകൻ അനുരാപ് കശ്യപ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
