ശ്രീനഗർ: പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ കശ്മീരിലെ പുൽവാമയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ഷാനിബ്(27) ആണ് മരിച്ചത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ട്. ഷാനിബ് എങ്ങനെ കശ്മീരിലെത്തിയെന്നു വ്യക്തമല്ല.
ഏപ്രിൽ 13നാണ് ഷാനിബ് ബെംഗളൂരുവിൽ സൂപ്പർമാർക്കറ്റിൽ ജോലി ലഭിച്ചെന്നും പറഞ്ഞ് വീട്ടിൽ നിന്നു പോയത്. ഷാനിബിന്റെ സഹോദരി ഷിഫാന ബെംഗളൂരുവിൽ അക്കൗണ്ടന്റാണ്. എന്നാൽ ഷാനിബ് ഇവിടെ എത്തിയില്ല. ഷാനിബിന്റെ മൃതദേഹത്തിൽ നിന്നു ലഭിച്ച ഫൊട്ടോയുടെയും വിലാസത്തിന്റെയും അടിസ്ഥാനത്തിൽ തൻമാർഗ് പൊലീസ് കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. മൃഗങ്ങൾ ആക്രമിച്ചതിന്റെ പരുക്കുകൾ ഷാനിബിന്റെ മൃതദേഹത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഷാനിബിനു ചെറിയ തോതിൽ മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
