ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രൂക്ഷം. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഏതു സമയത്തും ആക്രമണം ഉണ്ടായേക്കാമെന്ന സൂചനകളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍, പഞ്ചാബ് അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ശനിയാഴ്ച പുലര്‍ച്ചെ വരെ റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലും അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. മേഖലയില്‍ പൊതു സമ്മേളനങ്ങള്‍ നടത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി. അതിര്‍ത്തിയില്‍ സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ വെടിവയ്ക്കാന്‍ സുരക്ഷാ സേനയ്ക്കു അനുമതി നല്‍കി. മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പട്രോളിംഗ് തുടരുന്നു. കരസേനയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കി. നിരവധി വിമാനത്താവളങ്ങള്‍ അടച്ചിടുകയും വിമാനസര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വ്യാഴാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അതിര്‍ത്തിയിലെ സംഘര്‍ഷം വിശദമായി ചര്‍ച്ച ചെയ്തു. രാജ്യത്തിനു നേരെയുള്ള ഏതൊരു നടപടിക്കും എതിരെ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.







