മടിക്കേരി: യുവതിയെ കൊന്ന് കുഴിച്ചു മൂടിയ കേസില്‍ ഒളിവില്‍ പോയ കാമുകന്റെ പിതാവിനെ കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കുത്തിക്കൊന്നു. മാണ്ഡ്യ, പാണ്ഡവപുരയ്ക്കു സമീപത്തെ മാണിക്യഹള്ളിയിലെ നരസിംഹ ഗൗഡ (60)യാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ അധ്യാപികയും ഒരു കുട്ടിയുടെ മാതാവുമായ ദീപിക (28)യെ നാലുമാസം മുമ്പ് കൊലപ്പെടുത്തിയ കേസിലെ പ്രതി നിതേഷിന്റെ പിതാവാണ് നരസിംഹ ഗൗഡ. ഭര്‍തൃമതിയായ ദീപികയും 21വയസ്സുകാരനായ നിതേഷും പ്രണയത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാന്‍ ദീപിക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിതേഷ് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന്റെ വിരോധത്തില്‍ ദീപികയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് തന്ത്രത്തില്‍ വിളിച്ചു കൊണ്ടു പോയി കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്നാണ് നിതേഷിനെതിരെയുള്ള പൊലീസ് കേസ്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. മകളെ കൊലപ്പെടുത്തിയ ആളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വെങ്കിടേഷ് പലരോടും പറഞ്ഞിരുന്നുവത്രെ. നിതേഷിനെ കൊലപ്പെടുത്താനായി അവസരം കാത്തു നില്‍ക്കുകയായിരുന്നു വെങ്കിടേഷ്. ഇതിനിടയിലാണ് മകളുടെ ഘാതകന്റെ സഹോദരിയുടെ വിവാഹം അടുത്ത ആഴ്ച ധര്‍മ്മസ്ഥലയില്‍ നടക്കുന്നുണ്ടെന്ന വിവരം വെങ്കിടേഷിനു ലഭിച്ചത്. ഇതോടെ ഇയാളുടെ പ്രതികാര ബുദ്ധി ശക്തമായി. ചൊവ്വാഴ്ച ഗ്രാമത്തിലെ ഒരു ചായക്കടയില്‍ വച്ച് മകളെ കൊലപ്പെടുത്തിയ നിതേഷിന്റെ പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ മേലുകോട്ട് പൊലീസ് കേസെടുത്തു.
സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു നേരത്തെ കൊല്ലപ്പെട്ട ദീപിക. ഇതുവഴിയാണ് നിതേഷുമായി പരിചയത്തിലും പിന്നീട് പ്രണയബന്ധത്തിലുമായത്.
