ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഏകദിന ക്രിക്കറ്റിൽ തുടരുമെന്നും താരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.
2024ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ ട്വന്റി20യിൽ നിന്നും രോഹിത് വിരമിച്ചിരുന്നു.
ഇന്ത്യക്കായി 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രോഹിത് 4301 റൺസെടുത്തു. 12 സെഞ്ചുറികളും 18 അർധ സെഞ്ചുറികളും നേടി. 2021,2023 ടെസ്റ്റ് ലോകകപ്പുകളിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ചെങ്കിലും ജയിക്കാനായില്ല. കഴിഞ്ഞ ജനുവരിയിലെ ആസ്ട്രേലിയയ്ക്കു എതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തിനു തിളങ്ങാൻ കഴിഞ്ഞില്ല. ഇതു വ്യാപക വിമർശനത്തിനു ഇടയാക്കിയിരുന്നു.
രോഹിത് വിരമിച്ചതോടെ ഇന്ത്യക്കു പുതിയ ടെസ്റ്റ് ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഗില്ലിനു മുൻതൂക്കമുണ്ടെന്നും റിപ്പോർട്ടുണ്ട്.
