ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണ രേഖയിൽ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 3 പ്രദേശവാസികളുടെ മരണം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാക് ഷെല്ലിങ്ങിനിടെ ഉറി സലാമാബാദിൽ 3 വീടുകൾക്കും തീപിടിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിലേക്കു ഇന്ത്യൻ സൈന്യം മിന്നൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈന്യം നിയന്ത്രണ രേഖയിൽ ആക്രമണം അഴിച്ചുവിട്ടത്. സൈനിക പോസ്റ്റുകൾക്കുനേരെയും ആക്രമണമുണ്ടായി. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൌരി, കുപ്വാര മേഖലകളിലെ ഏഴിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതോടെ നിയന്ത്രണ രേഖയ്ക്കു സമീപം താമസിക്കുന്നവരെ ബങ്കറുകൾ ഉൾപ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
