ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ക്ക് സജ്ജാദ് ഗുളിനു കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇയാൾ കേരളത്തിലെത്തി ലാബ് ടെകീഷ്യൻ കോഴ്സ് പഠിച്ചതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം സജ്ജാദ് തലവനായ ഭീകരസംഘടന ദ റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു. എൻഐ അന്വേഷണത്തിൽ അക്രമണം ആസൂത്രണം ചെയ്തത് സജ്ജാദാണെന്ന് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിലെ എംബിഎ പഠനത്തിനു ശേഷമാണ് സജ്ജാദ് കേരളത്തിലെത്തുന്നത്. ഇവിടത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ശ്രീനഗറിൽ മടങ്ങിയെത്തിയ ഇയാൾ മെഡിക്കൽ ലാബ് തുടങ്ങി. ഒപ്പം ഭീകരരെ സഹായിക്കാനും തുടങ്ങി. ഇതിനിടെ 2002ൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ആർഡിഎക്സുമായി പിടിയിലായി. ഭീകരവാദകുറ്റത്തിനു ജയിലിലായ സജ്ജാദ് 2017ലാണ് മോചിതനായത്. പിന്നാലെ പാക്കിസ്താനിലേക്കു പോയി ഐഎസ്ഐയുടെയും ലഷ്കറെ തൊയിബയുടെയും സഹായത്തോടെ ടിആർഎഫിനു രൂപം നൽകി. കശ്മീരികളല്ലാത്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന രീതിയാണ് ടിആർഎഫ് അവലംബിച്ചിരുന്നത്. 2020ൽ സ്ജജാദിനെ ഭീകരനായി പ്രഖ്യാപിച്ച ഇന്ത്യ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ഈനാം പ്രഖ്യാപിച്ചിരുന്നു.
