കൊച്ചി: പാക്കിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരെ സൈന്യം നടത്തിയ തിരിച്ചടിയിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ മകൾ ആരതി. നമ്മുടെ മണ്ണിൽ നിന്നു കൊണ്ടാണ് ഒരു ദാക്ഷിണ്യവും ഇല്ലാതെ അവർ നിരപരാധികളെ കൊന്നു തള്ളിയത്. രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചിരുന്നു. തിരിച്ചടിക്കായി പ്രാർഥിച്ചിരുന്നു. ഭീകരരെക്കുറിച്ചുള്ള ചില വിവരങ്ങൾ നൽകാൻ കഴിഞ്ഞു. ഇനിയും അത് തുടരും. തനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ല. കണ്ട കാഴ്ചകൾ മറക്കാൻ കഴിയില്ല. പക്ഷേ ഇന്ത്യക്കാരി എന്നതിൽ അഭിമാനമുണ്ടെന്നും ആരതി കൂട്ടിച്ചേർത്തു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനെ മകൾ ആരതിയുടെ കൺമുന്നിൽ വച്ചാണ് ഭീകരർ വെടിവച്ചു കൊന്നത്. ആരതിയും 2 ഇരട്ടക്കുട്ടികളും അമ്മയും ഉൾപ്പെടുന്ന കുടുംബം രക്ഷപ്പെടുകയായിരുന്നു.
