തിരുവനന്തപുരം: കൂട്ടുകാരന്റെ മകനായ 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്കു 23 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെട്ടുകാട് സ്വദേശി ശേഖരനാണ്(42) ശിക്ഷ ലഭിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2019 ഓണാവധി കാലത്താണ് സംഭവം. അച്ഛനുമായി മദ്യപിക്കാൻ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി. മദ്യപിച്ച ശേഷം ഇവിടെ തങ്ങി. തുടർന്ന് രാത്രിയിൽ ഉറങ്ങി കിടന്നിരുന്ന കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പേടിയും നാണക്കേടും കാരണം കുട്ടി പീഡനവിവരം പുറത്തു പറഞ്ഞില്ല. എന്നാൽ പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. പിന്നാലെ സ്കൂൾ അധികൃതർ ഇടപെട്ട് പൊലീസിൽ പരാതി നൽകി. 19 സാക്ഷികളെ വിസ്തരിച്ചതിനു പിന്നാലെ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു.
