ലക്നൗ: രാജ്യത്തിനെതിരെ പോരോടുമെന്ന പരാമർശത്തിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കു സമ്പാൽ ജില്ലാ കോടതിയുടെ നോട്ടിസ്. ഹിന്ദു ശക്തി ദൾ ദേശീയ പ്രസിഡന്റ് സിമ്രാൻ ഗുപ്തയുടെ പരാതിയിന്മേലാണ് നടപടി. ജൂൺ 16നകം വിശദീകരണം നൽകണമെന്നാണ് ആവശ്യം.
ജനുവരി 15ന് ഡൽഹിയിൽ കോൺഗ്രസിന്റെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുൽ വിവാദ പരാമർശം നടത്തിയത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തു. അതിനാൽ നമ്മൾ പോരാടുന്നത് ബിജെപിയോടും ആർഎസ്എസിനോടും ഇന്ത്യ രാജ്യത്തോടു തന്നെയുമാണ് എന്നായിരുന്നു രാഹുൽ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന രാജ്യത്തെ ജനങ്ങളെ വേദനിപ്പിച്ചതായും ജനാധിപത്യത്തെ അവഹേളിക്കുന്നതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. നേരത്തേ പരാമർശത്തിൽ ഗുവാഹത്തി പൊലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നു.
