പയ്യന്നൂര്‍: കല്യാണവീട്ടില്‍ നിന്നു കവര്‍ച്ച പോയ 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. മോഷ്ടാവിനെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് മോഷണം പോയ സ്വര്‍ണ്ണം വീട്ടിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. കരിവെള്ളൂര്‍, പലിയേരിയിലെ അര്‍ജ്ജുന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം മോഷണം പോയത്. അര്‍ജ്ജുനും കൊല്ലം സ്വദേശിയായ ആര്‍ച്ച എസ് സുധിയും തമ്മിലുള്ള വിവാഹം മെയ് 1നാണ് നടന്നത്. കൊട്ടണച്ചേരി ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. രാത്രിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി കിടപ്പുമുറിയിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ആഭരണങ്ങള്‍ കാണാതായ കാര്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അലമാരയോ മുറിയുടെ വാതിലോ തകര്‍ത്തതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കവര്‍ച്ചയുടെ ചുരുളഴിക്കാനുള്ള ശ്രമം തുടരുന്നു.
