തിരുവനന്തപുരം: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി. സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനു കോടനാട് റേഞ്ച് ഓഫിസർ അധീഷ് രവീന്ദ്രനെ സ്ഥലം മാറ്റി. വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അധീഷിനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു.
വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നത് ഉൾപ്പെടെ സ്ഥിരീകരണമില്ലാത്ത കാര്യങ്ങൾ അധീഷ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ശ്രീലങ്കൻ വംശജയാണ് വേടന്റെ അമ്മയെന്നും അതിനു കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു പരാമർശം. എന്നാൽ ഇതു ശരിയായ അന്വേഷണ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിശദമായ അന്വേഷണം നടത്താൻ വകുപ്പ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഏപ്രിൽ 25നാണ് കഴുത്തിലണിഞ്ഞ മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതോടെ വേടനെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ആരാധകൻ സമ്മാനമായി നൽകിയതാണെന്നും പുലിപ്പല്ലാണെന്ന് അറിയാതെയാണ് കൈവശം വച്ചതെന്നും വേടൻ വ്യക്തമാക്കിയിരുന്നു. എന്നാൽ 7 വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് വേടനു കോടതി ജാമ്യം അനുവദിച്ചു.
വേടന്റെ അറസ്റ്റിലും തുടർ നടപടികളിലും തിടുക്കമുണ്ടായതായി വിമർശനം ഉയർന്നിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് തിരുത്തൽ നടപടികൾക്കു വനം വകുപ്പ് തയാറായത്.
