കാസര്‍കോട്: പരാതി പറയാനുണ്ടെന്നു പറഞ്ഞ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ.യെയും പൊലീസുകാരനെയും ആക്രമിച്ച കേസിലെ ആളെ പൊലീസ് അറസ്റ്റു ചെയ്തു. ചായ്യോത്ത്, മാനൂരിയിലെ കിഴക്കേവീട്ടില്‍ കെ.വി സന്തോഷി (40)നെയാണ് പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. പരാതി നല്‍കാനുണ്ടെന്നു പറഞ്ഞാണ് സന്തോഷ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതി എഴുതി നല്‍കാന്‍ പി.ആര്‍.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന സന്തോഷ് പരാതി എഴുതി നല്‍കാന്‍ തയ്യാറാകാതെ പി.ആര്‍.ഒ ഓഫീസ് മുറിയിലെ കസേരയും മറ്റും വലിച്ചെറിയുകയായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ എസ്.ഐ അരുണ്‍ മോഹന്റെ കോളറില്‍ പ്രതി പിടിക്കുകയും യൂണിഫോമിലെ നെയിംപ്ലേറ്റ് പിടിച്ചു പറിച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു. തടയാന്‍ ചെന്നപ്പോഴാണ് സിവില്‍ പൊലീസ് ഓഫീസര്‍ നിതീഷിനെ ആക്രമിച്ചത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റു പൊലീസുകാര്‍ ബലം പ്രയോഗിച്ചാണ് സന്തോഷിനെ കീഴടക്കിയത്. പരിക്കേറ്റ പൊലീസുകാര്‍ നീലേശ്വരം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
