കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 27 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ അമര്‍ പി (32), വൈഷ്ണവി എം.കെ (27), കുറ്റ്യാടിയിലെ ടി.കെ വാഹിദ്(38), തലശ്ശേരിയിലെ വി.കെ ആതിര (30) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ. പവിത്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ബീച്ച് റോഡില്‍ ആകാശവാണി നിലയത്തിനു സമീപത്തു വച്ചാണ് ആന്റി നാര്‍ക്കോട്ടിക് അസി. കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പ്രതികളെ പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചത്. പൊലീസിനു സംശയം തോന്നാതിരിക്കുന്നതിനു വേണ്ടിയാണ് യുവതികളെ കൂടെ കൂട്ടിയതെന്നു സംശയിക്കുന്നു. മയക്കുമരുന്നു കടത്തു സംഘത്തിന്റെ തലവനായ അമര്‍ നേരത്തെ ഒരു പ്രമുഖ ഇലക്ട്രോണിക്‌സ് ഷോപ്പിന്റെ കോഴിക്കോട്, കണ്ണൂര്‍, കുറ്റ്യാടി ശാഖകളില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുമ്പ് പ്രസ്തുത ജോലി ഒഴിവാക്കിയാണ് പൂര്‍ണ്ണമായും ലഹരി കടത്തിലേക്ക് തിരിഞ്ഞതെന്നു അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ ആതിര കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈവന്റ്മാനേജ്‌മെന്റ് നടത്തുന്നയാളും വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്‌മെറ്റിക് ഷോപ്പിലെ ജീവനക്കാരിയുമാണ്. വാഹിദ് കുറ്റ്യാടിയില്‍ കോഴിക്കച്ചവടം നടത്തുന്നയാളാണ്. ഏതാനും ദിവസങ്ങളായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തലവനായ അമറിനു അന്തര്‍ സംസ്ഥാന മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്.ഐ മനോജ് എടയടത്ത്, പൊലീസുകാരായ അഖിലേഷ് കുമാര്‍, സുനോജ് കാരയില്‍, സരുണ്‍ കുമാര്‍, എം. ഷനോജ്, ഇ.വി അതുല്‍, ടി.കെ തൗഫീഖ്, പി. അഭിജിത്ത്, പി.കെ ദിനീഷ്, മുഹമ്മദ് മഷൂര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
