ന്യൂഡൽഹി : ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2027ലേക്ക് മാറ്റി. ദൗത്യത്തിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ് നടപടിയെന്ന് ഐഎസ്ആർഒ അറിയിച്ചു. 10,000 കോടി രൂപ ചെലവഴിക്കുന്ന ദൗത്യം അവസാന ഘട്ടത്തിലാണുള്ളത്.
ആദ്യം 2022ൽ യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ദൗത്യമാണിത്. പിന്നീട് ഈ വർഷം അവസാനത്തേക്കും 2026ലേക്കും ഇതു മാറ്റി. നിലവിൽ 2027 ആദ്യ പാദത്തിൽ ദൗത്യം നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിജയകരമാകുന്നതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യരെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ 4 പേരെ ബഹിരാകാശ സഞ്ചാരികളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 3 പേരാകും ഗഗൻയാൻ പേടകത്തിൽ ബഹിരാകാശത്തേക്ക് പോകുക.
