കണ്ണൂര്‍: സി പി എം നിയന്ത്രണത്തിലുള്ള ഇരിട്ടി, ആനപ്പന്തി സഹകരണ ബാങ്കില്‍ ഒറിജിനല്‍ സ്വര്‍ണ്ണം കൈക്കലാക്കി പകരം മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലെ കാഷ്യര്‍ സുധീര്‍ തോമസ് ആണ് അറസ്റ്റിലായത്. ഒളിവില്‍ പോയ ഇയാളെ മൈസൂരുവില്‍ വച്ചാണ് അറസ്റ്റു ചെയ്തത്.
വ്യക്തികള്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം പകരം മുക്കുണ്ടങ്ങള്‍ വച്ചാണ് സുധീര്‍ തോമസും സംഘവും തട്ടിപ്പ് നടത്തിയത്.
ഏപ്രില്‍ 29ന് ആണ് തട്ടിപ്പ് കണ്ടുപിടിച്ചത്. അതോടെ സുധീര്‍ തോമസ് സ്ട്രോംഗ് റൂമിന്റെ താക്കോല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് ബാങ്ക് കെട്ടിടത്തിന്റെ ഷട്ടറിനു സമീപത്തുവച്ച് സ്ഥലം വിട്ടിരുന്നു. മൈസൂരില്‍ എത്തിയ ശേഷം ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. സദാസമയവും മാസ്‌ക്ക് ധരിച്ച് ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ ഉടമയ്ക്കു സംശയം ഉണ്ടായി. ഈ വിവരം ഹോട്ടല്‍ ഉടമ തന്റെ സുഹൃത്തായ കണ്ണൂരിലെ എ എസ് ഐ നാസറിനെ അറിയിച്ചു. നാസര്‍ മേലുദ്യോഗസ്ഥനും ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടറായ എ കുട്ടികൃഷ്ണനെ അറിയിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് സുധീര്‍ തോമസ് ജോലി ചെയ്യുന്നതിന്റെ സി സി ടി വി ദൃശ്യം ഹോട്ടലുടമ പൊലീസിനു അയച്ചു കൊടുത്തു. ദൃശ്യം പരിശോധിച്ച പൊലീസ് മൈസൂരിലെ ഹോട്ടലില്‍ തൊഴിലാളിയായി കയറിയത് മുക്കുപണ്ട തട്ടിപ്പു കേസിലെ പ്രതിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് എസ് ഐ രാജ്‌നവാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൈസൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഇരിട്ടിയില്‍ എത്തിച്ചു. സുധീര്‍ തോമസ് മുന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയാണ്.
ഇയാളുടെ സഹായിയും തട്ടിയെടുത്ത സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച സുധീര്‍ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.
