തിരുവനന്തപുരം: പേവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിയായ 7 വയസ്സുകാരി മരിച്ചു. തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയാണ് മരിച്ചത്.
ഏപ്രിൽ 8നാണ് വീട്ടു മുറ്റത്തുവച്ച് കുട്ടിക്കു നായയുടെ കടിയേറ്റത്. തുടർന്ന് 3 തവണ പ്രതിരോധ വാക്സീനെടുത്തു. 29ന് പനിബാധിച്ചതോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഞരമ്പിൽ കടിയേറ്റ് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.
ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ്. പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13) മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സീയ ഫാരിസും (6) നേരത്തേ മരിച്ചിരുന്നു. 2021നു ശേഷം പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സീനെടുത്തിട്ടും 22 പേർ മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
