ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിൽ നിന്നു പാക് ജവാനെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. പാക് സൈനികനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
നേരത്തേ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23ന് അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്ന ഇന്ത്യൻ ബിഎസ്എഫ് സൈനികനെ പാകിസ്താൻ കസ്റ്റഡിയിലെടുത്തിരുന്നു. 82-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പൂർണം കുമാർ ഷായെയാണു പാക് സൈന്യം പിടികൂടിയിരുന്നത്. ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെയും ഫലം കാണാതിരിക്കുകയായിരുന്നു. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടുന്നത്.
അതിനിടെ നിയന്ത്രണ രേഖയിൽ സേവമനുഷ്ഠിക്കുന്ന ജവാന്മാരോടു ജാഗ്രത പുലർത്താൻ ബിഎസ്എഫ് നിർദേശിച്ചിട്ടുണ്ട്. അബദ്ധത്തിൽ അതിർത്തി കടക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം.
