കന്യാകുമാരി: ബേഡകത്തു യാവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന വിവരമറിഞ്ഞു പാഞ്ഞെത്തിയ പൊലീസുകാരനെയും മറ്റൊരാളെയും അക്രമിച്ച ശേഷം ഒളിവില്‍ പോയ സഹോദരന്മാരെ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്നു ബേക്കല്‍ ഡിവൈ എസ് പിയുടെ പ്രത്യേക പൊലീസ് സംഘം പിടിച്ചു.
മുന്നാട് അരിച്ചെപ്പ് പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന ജിത്തു (24), സഹോദരന്‍ വിഷ്ണു സുരേഷ്(25) എന്നിവരെയാണ് പിടികൂടിയത്. ഇവരുമായി പൊലീസ് സംഘം കാസര്‍കോട്ടേക്കു തിരിച്ചിട്ടുണ്ട്. ഇവര്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തി രാത്രി ബഹളമുണ്ടാക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവരെ തടയാന്‍ ശ്രമിച്ച സതീഷിനെ ഇവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ പൊലീസിനെയും സഹോദരന്മാര്‍ അക്രമിക്കുകയായിരുന്നു. തുടര്‍ന്നു അക്രമികളെ പിടികൂടാന്‍ ശ്രമിച്ച പൊലീസിനെ അവര്‍ വാള്‍ വീശി പിന്തിരിപ്പിച്ചു. അക്രമികളില്‍ ഒരാള്‍ അടിവസ്ത്രം മാത്രവും മറ്റൊരാള്‍ പാന്റ്‌സുമാണ് ധരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ അക്രമികളെ കണ്ടെത്താന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ആദ്യ ദിവസം സംഭവ സ്ഥലത്തിനടുത്തെ കാട്ടിനുള്ളില്‍ ഇവരുടെ ലോക്കേഷന്‍ കണ്ടെത്തിയിരുന്നു. പിറ്റേന്നു ഇവരെ സുള്ള്യയില്‍ കാണപ്പെട്ടതായി പ്രചരണമുണ്ടായിരുന്നു. ഇതിനിടയില്‍ പൊലീസ് ഇവരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഡിവൈ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘം കന്യാകുമാരിയില്‍ നിന്നു പ്രതികളെ പിടികൂടിയത്.
