മാഡ്രിഡ്: കോവിഡ് തീർത്ത ലോക്ക്ഡൗൺ വെല്ലുവിളികളെ മറികടന്ന് ലോകം മുന്നേറുന്നതിനിടെ ഭീതി വിട്ടൊഴിയാതെ സ്വയം തീർത്ത തടവറയിൽ ഒരു കുടുംബം. സ്പെയിനിൽ കോവിഡ് ഭീതിയിൽ 3 കുട്ടികളെ 4 വർഷത്തോളം വീട്ടിനുള്ളിൽ പൂട്ടിയിട്ട മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്പെയിനിലെ ഒവിഡോ നഗരത്തിലാണ് അസാധാരണമായ സംഭവം. 10 വയസ്സുള്ള മൂത്ത കുട്ടിയെയും 8 വയസ്സുള്ള ഇരട്ടക്കുട്ടികളെയുമാണ് അച്ഛനും അമ്മയും ചേർന്ന് സൂര്യപ്രകാശം പോലും കാണിക്കാതെ വീട്ടിനുള്ളിൽ തളച്ചിട്ടത്.
കുട്ടികൾ വീടിനു പുറത്തിറങ്ങുന്നില്ലെന്നും സ്കൂളിൽ പോകുന്നില്ലെന്നും ചൂണ്ടിക്കാട്ടി അയൽക്കാരാണ് പൊലീസിനെ സമീപിച്ചത്. വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥകരോടു മാസ്ക് ധരിച്ചാൽ മാത്രമേ വീട്ടിൽ പ്രവേശിക്കാനാകൂവെന്ന് ഇവർ പറഞ്ഞു. ഇതോടെ മാസ്ക് ധരിച്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. വീടു മുഴുവൻ മരുന്നുകളും മാസ്ക്കുകളും സാനിറ്റൈസറുകളും വാരിവലിച്ചിട്ട നിലയിലായിരുന്നു. മാനസിക വിഭ്രാന്തി നേരിട്ടവരെ പോലെയാണ് കുട്ടികൾ പെരുമാറിയത്. വീടിനു പുറത്തേക്കിറങ്ങിയപ്പോൾ പൂന്തോട്ടത്തിലെ ഒച്ചിനെ കണ്ട് ഇവർ ഭയപ്പെട്ടതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കുട്ടികളെ ജുവനൈൽ ഹോമിലാക്കി. പിതാവ് 53 കാരനായ ജർമൻ പൗരനെയും മാതാവായ 48കാരി യുഎസ് സ്വദേശിയെയും പൊലിസ് കസ്റ്റഡിയിലെടുത്തു. കോവിഡ് സിൻഡ്രമെന്ന മാനസികാവസ്ഥയാണ് ഇവർ നേരിടുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
2023 ഒക്ടോബറിലാണ് കുടുംബം വീട് വാടകയ്ക്കു എടുക്കുന്നത്. എന്നാൽ 2023 ഡിസംബറിനു ശേഷം വീട്ടിലേക്കു ആരെങ്കിലും വരുന്നതോ ഇവർ പുറത്തിറങ്ങുന്നതോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
